തൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേരുമെന്ന് സൂചന. ഇന്ന് ഉച്ചയോടെ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനിൽ എത്തി അംഗത്വം സ്വീകരിച്ചേക്കും. നാട്ടികയിൽ സി.സി. മുകുന്ദൻ ബിജെപി സ്ഥാനാർഥിയാകുമെന്നും സൂചനയുണ്ട്.
നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുകുന്ദൻ ബിജെപിയെ അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു എന്നാണ് വിവരം. നേരത്തെ മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ല എന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. പിന്നാലെയാണ് മുകുന്ദൻ ബിജെപിയിലേയ്ക്ക് ചേക്കേറുന്നത്.
നാട്ടികയിൽ സിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് 'പേയ്മെന്റ് സീറ്റ്' ആണെന്ന ആരോപണത്തിന് പിന്നാലെയാണ് മുകുന്ദനെ സിപിഐ പുറത്താക്കിയത്. പിന്നാലെ താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന് മുകുന്ദൻ പ്രഖ്യാപിക്കുകയായിരുന്നു.
കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള കോണ്ഗ്രസ് നേതാക്കളുമായി മുകുന്ദൻ ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. തൃശ്ശൂർ മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
നാട്ടികയിലെ കോൺഗ്രസ് പ്രാദേശിക പ്രവർത്തകർക്കിടയിൽ മുകുന്ദനെതിരെ വികാരം ഉയർന്നിരുന്നു. സിപിഐ പുറത്താക്കിയ 'സ്ക്രാപ്പ്' തങ്ങൾക്ക് വേണ്ട എന്നായിരുന്നു പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.